English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 

പുന്നത്തൂര്‍ സ്വരൂപത്തിന്റെ അധീനതയിലായിരുന്ന ചാവക്കാട് പ്രദേശം 1717-ല്‍ ഡച്ചുകാരും 1776-ല്‍ മൈസൂര്‍ സൈന്യവും പിടിച്ചടക്കി. 1789 സെപ്തംബര്‍ 26-ാം തീയതി ചാവക്കാട് ബ്രിട്ടീഷുകാരുടെ കീഴിലായി. മദ്രാസ് പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നു മലബാര്‍. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1918-ല്‍ ചാവക്കാട് യൂണിയന്‍ രൂപീകൃതമാകുന്നതോടെയാണ് ചാവക്കാടിന്റെ തദ്ദേശ സ്വയംഭരണചരിത്രം ആരംഭിക്കുന്നത്. 1927-ല്‍ പഞ്ചായത്ത് ബോര്‍ഡ് എന്ന ഭരണസംവിധാനം ആരംഭിച്ചു.1963-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി പഞ്ചായത്ത് പുനര്‍വിഭജനം നടന്നപ്പോള്‍ ഗുരുവായൂര്‍ പ്രദേശം ചാവക്കാട് പഞ്ചായത്തില്‍ നിന്നും വേര്‍പെടുത്തുകയും പുന്ന, തിരുവത്ര, ബ്ലാങ്ങാട്, മണത്തല, തെക്കന്‍ പാലയൂര്‍ എന്നീ പ്രദേശങ്ങള്‍ ചാവക്കാട് പഞ്ചായത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 1978 ഒക്ടോബര്‍ 1-ാം തീയതി ചാവക്കാട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടു. സെന്റ് തോമസിന്റെ ആഗമനത്തിലും അനന്തര സംഭവങ്ങളിലും കുപിതരായ കുറെപേര്‍ ഈ നാടിനെ ശപിച്ചുകൊണ്ട് നാടുവിട്ടുപോയെന്നും തന്മൂലം ‘ശാപക്കാട്’ എന്നു പേരുണ്ടാവുകയും പിന്നീടത് ‘ചാവക്കാട്’ ആയി മാറുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ചാവല്‍മരങ്ങള്‍ (അയിനി) ധാരാളമുണ്ടായിരുന്ന നാടായതുകൊണ്ടാണ് ചാവക്കാട് എന്ന പേരുണ്ടായതെന്നും ചിലര്‍ പറയുന്നു. പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളുടെ നാടാണ് ചാവക്കാട് നഗരം. എ.ഡി.52-ല്‍ സെന്റ് തോമസ് സ്ഥാപിച്ച പാലയൂര്‍ പള്ളി കേരളത്തിലെ ആദ്യത്തെ ഏഴ് പള്ളികളില്‍ ഒന്നാണ്. സത്യത്തിനും നീതിക്കും വേണ്ടി പൊരുതി 1787-ല്‍ മരണമടഞ്ഞ ഹൈദ്രോസുകുട്ടി മൂപ്പര്‍ അന്ത്യവിശ്രമം കൊള്ളുന്നത് പുരാതനമായ മണത്തല മസ്ജിദിന്റെ പരിസരത്താണ്. ചാവക്കാട്, മുതുവട്ടൂര്‍ , ബ്ലാങ്ങാട്, ഓവുങ്ങല്‍ , കണ്ണിക്കുത്തി, പാലയൂര്‍ എന്നിവിടങ്ങളിലും മസ്ജിദുകള്‍ സ്ഥിതി ചെയ്യുന്നു. മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിനു സ്ഥാനനിര്‍ണ്ണയം ചെയ്തത് ശ്രീനാരായണ ഗുരുവാണ്. തിരുവത്ര ശിവക്ഷേത്രം, മണത്തല നാഗയക്ഷി ക്ഷേത്രം, കോഴിക്കുളങ്ങര ക്ഷേത്രം, ചെട്ടിയാലക്കല്‍ ക്ഷേത്രം എന്നിവ പുരാതന ക്ഷേത്രങ്ങളാണ്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ജൂദന്മാരുടെ അധിവാസ കേന്ദ്രങ്ങളിലൊന്നായിരുന്നു പാലയൂര്‍ . അന്നത്തെ ജൂദക്കുന്ന് ഇന്ന് ‘ജൂദന്‍ ബസാര്‍ ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ചാവക്കാട് ഒരു വാണിജ്യകേന്ദ്രമായിരുന്നു. പ്രാചീന കേരളത്തിലെ ഒരു പ്രമുഖ തുറമുഖമായിരുന്നു കൊടുങ്ങല്ലൂര്‍ . ഈ തുറമുഖവുമായി ചേറ്റുവാ ഏനാമാവ് ജലമാര്‍ഗ്ഗേണ ബന്ധപ്പെടുവാനുള്ള സൌകര്യമായിരുന്നു ചാവക്കാടിനെ ഒരു വാണിജ്യകേന്ദ്രമാക്കിയത്. കോഴിക്കോട്, പൊന്നാനി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ , കൊച്ചി എന്നിങ്ങനെയുള്ള വാണിജ്യകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മലബാര്‍ കലക്ടറായിരുന്ന കനോലി സായിപ്പ് പണിയിച്ച കനോലി കനാല്‍ ചാവക്കാടിന്റെ വാണിജ്യപ്രാധാന്യം ഏറെ വര്‍ദ്ധിപ്പിച്ചു. ജലമാര്‍ഗ്ഗേണ ചരക്കുകള്‍ ക്രയവിക്രയം ചെയ്യാനുള്ള സ്ഥലമായിരുന്നു ചാവക്കാട്ടെ വഞ്ചിക്കടവ്. അവിടെ പാണ്ടികശാലകള്‍ നിര്‍മ്മിച്ച് താവളമടിച്ചിരുന്ന വ്യാപാരപ്രമുഖരും അന്നുണ്ടായിരുന്നു. ചാവക്കാട്ടെ ആഴ്ച ചന്തയും കന്നുകാലിചന്തയും വളരെ പ്രസിദ്ധമായിരുന്നു. കൊച്ചി മുതല്‍ കോഴിക്കോട് വരെ തപാല്‍ വിതരണം നടത്തിയിരുന്നതും അന്ന് കനോലി കനാല്‍ വഴിയായിരുന്നു. അതിനു വേണ്ടി ‘തപാല്‍വഞ്ചി’ സര്‍വ്വീസും അന്നുണ്ടായിരുന്നു. ചാവക്കാടിന്റെ വളര്‍ച്ചയ്ക്കും നിലനില്പിനും കനോലി കനാല്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് ചാവക്കാട്ട് നീതിന്യായകച്ചേരി നടത്തിയിരുന്ന സ്ഥലമാണ് ചേറ്റുവാ റോഡില്‍ ‘കച്ചേരിത്തറ’ എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലം. ദേശീയപ്രസ്ഥാനം ചാവക്കാട് പ്രദേശത്ത് ചെലുത്തിയ സ്വാധീനം നിസ്സാരമായിരുന്നില്ല. ചാവക്കാടിന്റെ ഭാഗമായിരുന്ന ഗുരുവായൂരില്‍ ഗാന്ധിജി നടത്തിയ സന്ദര്‍ശനം അവരെ കോരിത്തരിപ്പിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് കശുമാങ്ങയില്‍ നിന്നും ബ്രാണ്ടി ഉല്പാദിപ്പിച്ചിരുന്ന ഒരു ഡിസ്റ്റിലറി ഇവിടെ ഉണ്ടായിരുന്നു. ഇന്നത് ഇല്ലെങ്കിലും അതിനോട് ബന്ധപ്പെട്ട ഒരു തോട് ‘ഡിസ്റ്റിലറി തോട്’ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് അദ്ദേഹം പണിയിച്ച നടക്കാവാണ് ഇന്നത്തെ എന്‍എച്ച്-17 ടിപ്പുസുല്‍ത്താന്‍ റോഡ്. പൊന്നാനി മുതല്‍ ചാവക്കാട് വഴി കൊടുങ്ങല്ലൂര്‍ വരെ നീണ്ടു കിടക്കുന്ന ഈ റോഡ് ഈ പ്രദേശങ്ങളുടെ പുരോഗതിക്ക് നല്ല പങ്കാണ് വഹിക്കുന്നത്.19-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ബാസല്‍ മിഷന്‍ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ പുരോഗതിക്ക് നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. അവര്‍ പലയിടങ്ങളില്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ച കൂട്ടത്തില്‍ ചാവക്കാട്ടും രണ്ട് വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ഇന്നത്തെ എം ആര്‍ ആര്‍ എം ഹൈസ്കൂളിന്റെയും കാണക്കോട്ട് സ്കൂളിന്റെയും തുടക്കം ബാസല്‍മിഷന്‍ സ്കൂളുകളായിട്ടായിരുന്നു. പഴയ കാലത്ത് പുന്നത്തൂര്‍ സ്വരൂപത്തിന്റെ കീഴില്‍ ആയോധന വിദ്യ അഭ്യസിപ്പിക്കുവാനായി ചാവക്കാട്, പാലയൂര്‍ , മമ്മിയൂര്‍ , മുതുവട്ടൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കളരികള്‍ ഉണ്ടായിരുന്നു.

 

കാര്‍ഷിക ചരിത്രം

 

പുന്നത്തൂര്‍ സ്വരൂപത്തിന്റെ അധീനതയിലായിരുന്നു പ്രാചീന കാലത്ത് ചാവക്കാട്ടെ ഭൂപ്രദേശം. പിന്നീട് ജന്മി-കുടിയാന്‍ സമ്പ്രദായം ശക്തിപ്പെട്ടു. 1969-ലെ ഭൂപരിഷ്ക്കരണ നിയമം ജന്മി-കുടിയാന്‍ സമ്പ്രദായത്തിനു തിരശ്ശീലയിട്ടു.